കൊൽക്കത്ത:പ്രശസ്ത ബംഗാളി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നീക്കം. പശ്ചിമ ബംഗാളിൽ ഈ മാസവും അടുത്ത മാസവുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശം.
ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവർഗീയ കഴിഞ്ഞ ദിവസം മിഥുൻ ചക്രവർത്തിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
70-കാരനായ മിഥുൻ ചക്രവർത്തിക്ക് ബംഗാളിൽ വലിയ ആരാധകരുണ്ട്.തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അദ്ദേഹം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.
മിഥുൻ ചക്രവർത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയിൽ ചേരുമെന്ന കിംവദന്തികൾ ഉയർന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.