FeaturedHome-bannerKeralaNews

നടൻ ജോജു ജോർജിന്റെ പരാതി: ‘കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജോ‍ജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്. എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മേയറും  കോൺഗ്രസ്‌ നേതാവുമായി ടോണി ചമ്മണിയാണ് കോടതിയെ സമീപിച്ചത്. 

ഇന്ധനവിലവര്‍ദ്ധവിനെതിരായി എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.

ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷന്‍ വ്യക്തമാക്കി ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്തത്. ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button