KeralaNews

കൊച്ചിയിൽ എൽ.ഡി.എഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് നടൻമാരായ ജോജുവും വിനായകനും

കൊച്ചി:തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ (Kochi Corporation) എല്‍ഡിഎഫ് (LDF) നേടിയ വിജയത്തില്‍ ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നടന്മാരായ ജോജു ജോര്‍ജും (Joju George) വിനായകനും (Vinayakan). കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയില്‍ കാണാം.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു ജോജു. ”ഇതിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നു. ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണം.”- ജോജു പറഞ്ഞു.

നേരത്തെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് വിനായകൻ ഫേസ് ബുക്ക് പോസ്റ്റും ഇട്ടിരുന്നു.

https://m.facebook.com/story.php?story_fbid=443588513794918&id=100044313195287

കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനായ ഗാന്ധിനഗറില്‍ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്‍റെ വിജയം. സിപിഎം സ്ഥാനാര്‍ഥി ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയുടെയും വി ഫോര്‍ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ടുകള്‍ ലഭിച്ചിടത്ത് എന്‍ഡിഎ ഇക്കുറി നേടിയത് 195 ആണ്. 216 വോട്ടുകളുണ്ടായിരുന്ന വി ഫോര്‍ കൊച്ചി 30 വോട്ടിലേക്കും ഒതുങ്ങി. 

തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലടക്കം 16 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും വിജയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button