കാറും ബൈക്കും വിറ്റു, ഇനി യാത്രകള്‍ ബൈക്കില്‍; ഇന്ധന വില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി നടന്‍ ജിനോ ജോണ്‍
ഇന്ധന വില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി നടന്‍ ജിനോ ജോണ്‍. സ്വന്തം കാറും ജീപ്പും വില്‍ക്കുകയാണെന്ന് ജിനോ ജോണ്‍ അറിയിച്ചു. ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കിലായിരിക്കുമെന്നും പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ പ്രതിഷേധ യാത്ര നടത്തുമെന്നും ജിനോ ജോണ്‍ പറഞ്ഞു.
തെരെഞ്ഞെടുപ്പ സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഇന്ധന വില വര്‍ധനവാണെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടയില്‍ എല്ലാവരും അക്കാര്യം മറന്നുപോയെന്നും ജിനോ പറയുന്നു. പക്ഷെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ഇന്ധന വില കുതിച്ചുയര്‍ന്നതിന്റെ തിക്താനുഭവങ്ങള്‍ നേരിട്ടറിഞ്ഞതാണെന്നും അതുകൊണ്ട് തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുക്കുകയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചത് കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പെട്രോള്‍ വില 90 കടന്നിരുന്നു. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ‘കമോണ്‍ട്രാ മഹേഷേ’ എന്ന ഡയലോഗിലൂടെ ഹിറ്റായ ജിനോ മഹേഷ് എന്നാണ് പുതിയ ബൈക്കിന് പേര് നല്‍കിയിരിക്കുന്നത്. ബൈക്കിലൂടെയുള്ള യാത്രാനുഭവങ്ങള്‍ പങ്കുവെക്കാന്‍ പുതിയ ട്രാവല്‍ വ്ളോഗും ജിനോ ആരംഭിച്ചിട്ടുണ്ട്.
ജിനോയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘കമോണ്‍ട്രാ മഹേഷേ’ എല്ലാവര്‍ക്കും നമസ്‌ക്കാരം,
ഞാന്‍ ബജാജിന്റെ സിടി 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍.സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ സിടി 100 ബൈക്കിലായിരിക്കും.
ബൈക്കിന് പേരിട്ടു. ‘മഹേഷ്’. ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധനവില വര്‍ധനയാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധനവില വര്‍ധനയുടെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നതു കൊണ്ട് ഞാന്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്.
സിനിമാ അഭിനയത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിങ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ ഒരു ട്രാവല്‍ ബ്ലോഗ് ചാനലും തുടങ്ങി. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു. എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്‌നേഹവും പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം ജിനോ ജോണ്‍.