കൊച്ചി: മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ് എന്നിവരെ വേദിയിലിരുത്തി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു
ജയസൂര്യ.
കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം നടന്‍ ചൂണ്ടിക്കാട്ടി. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി.
തെറ്റിദ്ധരിക്കരുത്. ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. ചിലപ്പോള്‍ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം വിചാരിക്കും. എന്നാല്‍ അകത്തിരുന്ന പറയുമ്പോള്‍, സാറ് കേള്‍ക്കുന്ന ഒരുപാട് പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം മാത്രമായി മാറും. ഇത്രയും പേരുടെ മുമ്പില്‍ വെച്ച് പറയുമ്പോള്‍ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നത്”- ജയസൂര്യ പറഞ്ഞു.
സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും. മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.
എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയില്‍നിന്ന് പൈസ കിട്ടിയിട്ടില്ല.
തിരുവോണ ദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അര്‍ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയില്‍ ഇതിനെ കാണരുതെ”ന്നും ജയസൂര്യ പറയുന്നു.