24.8 C
Kottayam
Monday, May 20, 2024

മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്

Must read

ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. 10 കോടി രൂപയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്. എസ്. ഹാജ മൊയ്ദീൻ ആണ് നോട്ടീസയച്ചത്.

ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാർ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകൾക്ക് പണം നൽകാൻ താരം വിസമ്മതിക്കുകയാണെന്ന് അവർ അവകാശപ്പെട്ടു.

നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് അവർ കോടതിയിൽ നൽകിയ പ്രാഥമിക അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചതിനെ തുടർന്നാണ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ധനുഷിന്റെ ഐഡന്റിറ്റി മാർക്ക് മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് ഏപ്രിൽ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week