ബെംഗളൂരു: കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ദര്‍ശന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇതോടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.
വ്യാഴാഴ്ച അറസ്റ്റിലായ നാഗരാജ് നടന്‍ ദര്‍ശന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണെന്നാണ് പോലീസ് പറയുന്നത്. നടന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നാഗരാജ് വഴിയാണ് നടന്നിരുന്നത്. ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷ് സിനിമയില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദര്‍ശന്‍ നായകനായ ചിത്രങ്ങളിലാണ് ഇയാള്‍ ചെറിയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കൊലപാതകത്തില്‍ ഇയാളുടെ പങ്കെന്താണെന്നാണ് പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വാടകക്കൊലയാളികള്‍ക്ക് ഇയാള്‍ മുഖേനയാണ് പണം കൈമാറിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയശേഷം മൂന്ന് പേരോട് കുറ്റം ഏറ്റെടുക്കാനായി ദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലക്കേസില്‍ കുറ്റം ഏറ്റെടുത്താല്‍ അഞ്ചുലക്ഷം രൂപവീതം മൂന്നുപേര്‍ക്കുമായി ആകെ 15 ലക്ഷം രൂപയാണ് നടന്‍ വാഗ്ദാനംചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരേ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമി(33)യെ നടനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മോശം കമന്റിട്ട രേണുകസ്വാമിയോട് പ്രതികാരം ചെയ്യണമെന്ന് പവിത്രയാണ് ദര്‍ശനയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍ക്ലബ് കണ്‍വീനറായ രാഘവേന്ദ്ര വഴി ദര്‍ശന്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നാലെ യുവാവിനെ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്നു.
തുടര്‍ന്ന് ഒരു ഷെഡ്ഡില്‍വെച്ച് ദര്‍ശനും കൊലയാളിസംഘാംഗങ്ങളും ചേര്‍ന്ന് രേണുകാസ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ മൃതദേഹം കാമാക്ഷിപാളയത്തെ അഴുക്ക്ചാലില്‍ ഉപേക്ഷിച്ചു. ഇവിടെനിന്ന് ഒരു ഫുഡ് ഡെലിവറി ബോയ് ആണ് മൃതദേഹം നായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടത്. ഇയാള്‍ പോലീസിനെ വിവരമറിയിച്ചതോടയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.