വിവാഹിതനാകാന്‍ ഒരുങ്ങി നടന്‍ ബിനീഷ് ബാസ്റ്റിന്‍

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്കില്‍ ബിനീഷ് തന്നെയാണ് വിവാഹത്തെക്കുറിച്ച് പങ്കുവെച്ചത്.

ടീമേ..’ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്‌നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോട് കൂടിയാണ് ബിനീഷ് താരയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഏറെക്കാലമായുള്ള അമ്മച്ചിയുടെ ആഗ്രഹമാണ് തന്റെ കല്യാണം. അതിനായി ഒരുപാട് പ്രാര്‍ഥനകളും അമ്മച്ചി നടത്തിയിരുന്നു. വൈകിയുള്ള വിവാഹമാണെങ്കിലും ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഓഫ്‌വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ബിനീഷിന്റെയും താരയുടേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹദിനം അറിയിക്കാമെന്നും ബിനീഷ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. ഈ സോളമനും ശോശന്നയും കണ്ടുമുട്ടി എന്ന കുറിപ്പും ചിത്രത്തില്‍ കാണാം. നവദമ്പതിമാര്‍ക്ക് ആരാധകര്‍ ആശംസകള്‍ അറിയിച്ചു.

2026 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് ബിനീഷ് സൂചിപ്പിച്ചിരിക്കുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി ഒരുക്കിയതെന്നും താരം പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി ബിനീഷ് സിനിമാരംഗത്ത് സജീവമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News