കൊച്ചി:കാലം മാറുന്നതിനനുസരിച്ച് മലയാള സിനിമയും മാറുകയാണ്. മേക്കിങ്ങിലും തിരക്കഥയിലുമെല്ലാം വന്ന മാറ്റങ്ങൾ പോലെ സിനിമയെ ചുറ്റിപറ്റിയുള്ള എല്ലാ പ്രവർത്തനങ്ങളിലും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് കാരവാനുകൾ.
കാരവാനുകൾ ഇല്ലാത്ത താരങ്ങൾ ഇന്ന് മലയാളത്തിൽ കുറവാണ്. അഭിനേതാക്കൾക്ക് ഒഴിവ് സമയത്ത് വിശ്രമിക്കാനും, മേക്കപ്പ് ചെയ്യാനുമെല്ലാം ഉപകാരപ്രദമാണ് കാരവാൻ. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ബൈജു.
കാലം മാറുന്നതിനനുസരിച്ച് സമൂഹം മാറുമെന്നും പണ്ടൊക്കെ ഷൂട്ടിന് പോവുമ്പോൾ അടുത്തുള്ള വീട്ടിലാണ് മേക്കപ്പിനെല്ലാം പോവാറുള്ളതെന്നും ബൈജു പറയുന്നു. ഒടുവിൽ അവർക്ക് തന്നെ അത് പ്രയാസമായി മാറുമെന്നും ബൈജു പറഞ്ഞു. മലയാള സിനിമയിൽ കാരവാൻ നൽകിയിട്ടും ഉപയോഗിക്കാത്ത നടൻ ഇന്ദ്രൻസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കാലം മാറുന്നതിനനുസരിച്ച് ബാക്കിയുള്ള ബാക്ക്ഗ്രൗണ്ടുകൾ മാറും സമൂഹം മാറും എല്ലാം മാറും. കാരവാനിനെ ഒന്നും ഒരു കുറ്റവും പറയാൻ കഴിയില്ല.
പണ്ട് കാലത്തൊക്കെ ഷൂട്ടിങ്ങിന് പോവുമ്പോൾ നമ്മൾ അടുത്തുള്ള വീട്ടിൽ പോവുമായിരുന്നു മേക്കപ്പ് ചെയ്യാനൊക്കെ. ആ വീട്ടിൽ വെച്ച് തന്നെ ഡ്രസൊക്കെ മാറ്റും. അവർ അതിനുള്ള സൗകര്യം തരുമായിരുന്നു.
അത് മാത്രമല്ല അവസാനം അവർ ഇറക്കി വിടുന്ന സാഹചര്യത്തിലേക്ക് വരെയെത്തും കാര്യങ്ങൾ. കാരണം അവരുടെ ബെഡ് റൂമിൽ കയറി കിടക്കും ചിലപ്പോൾ. നമ്മൾ ചിലപ്പോൾ, ചേട്ടാ ഞാനൊരു ഒരു മണിക്കൂറൊന്ന് കിടന്നോട്ടെയെന്ന് പറഞ്ഞിട്ട് അവസാനം ആ വീട്ടുകാർക്ക് കിടക്കാൻ പറ്റാതെയാവും.
അപ്പോഴേക്കും അവർക്ക് ഇതിനോടുള്ള താത്പര്യം കുറയും. പിന്നെ അവർ തന്നെ ചോദിക്കും, നിങ്ങൾ ഈ പരിപാടി നിർത്തി പോവുന്നോയെന്ന്. എന്നാൽ ഇപ്പോൾ കാരവാൻ ഉള്ളപ്പോൾ ആരെയും ശല്യം ചെയ്യേണ്ട. അതിനകത്ത് നമുക്ക് ഷൂട്ടിങ് ഇല്ലാത്തപ്പോൾ വിശ്രമിക്കാം. വേറേ സിനിമയുടെ സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ വായിക്കാം. അങ്ങനെ എന്തുവേണമെങ്കിലും ചെയ്യാം.
പക്ഷെ കാരവാൻ കൊടുത്തിട്ട് പോലും അതിൽ കയറാത്ത ഒരു നടനെ മലയാള സിനിമയിലുള്ളൂ. അതാണ് മിസ്റ്റർ ഇന്ദ്രൻസ്,’ബൈജു പറയുന്നു.