കൊച്ചി:അസീസിനോട് തന്നെ അനുകരിക്കുന്നത് നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടൻ അശോകൻ. കഴിഞ്ഞ ദിവസം ഇനി മുതൽ വേദികളിൽ അശോകനെ അവതരിപ്പിക്കില്ലെന്ന് അസീസ് പറഞ്ഞിരുന്നു. പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി അശോകനും എത്തിയത്. താൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർടിസ്റ്റാണ് എന്നാണ്. എന്നാൽ തന്നെ ചെയ്തത് പലതും ഇഷ്ടമായില്ല എന്നും അശോകൻ പറഞ്ഞു.
അശോകന്റെ വാക്കുകൾ ഇങ്ങനെ’
എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു.
അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമായില്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.’ അശോകൻ പറഞ്ഞു.
അസീസ് പറഞ്ഞത് :
അശോകേട്ടന്റെ ആ ഇന്റർവ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല.നിർത്തി.
അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്.
അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട…’ അസീസ് പറഞ്ഞു. അശോകൻ അന്ന് പറഞ്ഞത്അസീസ് നെടുമങ്ങാട് തന്നെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരികയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടി പറഞ്ഞത്. ‘
മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.