രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പി.ജി ഡോക്ടര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടര്‍ അനന്തകൃഷ്ണനെതിരെ നടപടി. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവ് ഇട്ടു. ഡോക്ടര്‍ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം പിജി ഡോക്ടര്‍ ആയ അനന്തകൃഷ്ണനെതിരെയാണ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്. ഡോക്ടറുടെ പെരുമാറ്റം മെഡിക്കല്‍ കോളേജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട് നല്‍കിയിരുന്നു.

അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ അനന്തകൃഷ്ണന്‍ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിന്‍സിപ്പാള്‍ സാറ വര്‍ഗ്ഗീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News