28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ് അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവിനാണ് വിധിച്ചത്.വിധി കല്‍പിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും ഇത്രയൊക്കെ ചെയ്തിട്ടും സഭയും മാധ്യമങ്ങളും ‘ഫാദര്‍ ‘കോട്ടൂര്‍ എന്നും ‘സിസ്റ്റര്‍’ സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് ലജ്ജാകരമാണെന്ന് ജോയ് മാത്യു പറയുന്നു.അഭയാകേസ് :പുരസ്‌കാരങ്ങള്‍ പുനഃക്രമീകരിക്കാന്‍ സമയമായി നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ അന്വേഷണത്തിനും വിചാരണകള്‍ക്കും ഒടുവില്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കണ്ടെത്തി അര്‍ഹതപ്പെട്ട ശിക്ഷ നല്‍കിയ ബഹുമാനപ്പെട്ട കോടതിയെ ആദ്യം അഭിനന്ദിക്കട്ടെ. പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും ഇത്രയൊക്കെയായിട്ടും സഭയും മാധ്യമങ്ങളും ‘ഫാദര്‍ ‘കോട്ടൂര്‍ എന്നും ‘സിസ്റ്റര്‍’ സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് എന്നത് എത്ര ലജ്ജാകരം !രൂപതകളുടെ കീഴില്‍ അടിമകളായ അസംഖ്യം വിശ്വാസി()ചെറുപ്പക്കാര്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഒരാളെങ്കിലും ഇവരുടെ തിരുവസ്ത്രം വലിച്ചുകീറാത്തതെന്ത് എന്നത് എന്നെ ത്ഭുതപ്പെടുത്തുന്നു നന്മയും സ്‌നേഹവും കരുണയും ചൊരിയുന്ന എത്രയോ നല്ലവരായ പുരോഹിതരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്നതിനു തുല്യമാണ് കൊലപാതകികള്‍ എന്ന് കോടതി കണ്ടെത്തിയ ഈ സാത്താന്മാരെ വിശുദ്ധ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നത്
ഇത്രയും കഠിനമായ ശിക്ഷ ലഭിക്കേണ്ട ഒരവസ്ഥ ശരിക്കും ഇവര്‍ക്ക് നേരത്തെ തന്നെ ഒഴിവാക്കാമായിരുന്നു .പ്രതികളുടെ ലൈംഗിക കേളികള്‍ സിസ്റ്റര്‍ അഭയയുടെ കണ്ണില്‍പ്പെട്ടു എന്നതായിരുന്നല്ലോ സംഗതി കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണം.സെക്‌സ് അത്ര വലിയ ഒരു ക്രൈം ആണോ ?ആണെങ്കില്‍ത്തന്നെ ആ കുട്ടിയോട് അവള്‍ കണ്ട കാഴ്ച ആരോടും പറയരുത് എന്ന് താണു വീണു പറഞ്ഞാല്‍ ആ കുട്ടി അത് കേള്‍ക്കുമായിരുന്നില്ലേ ?ദരിദ്ര ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടിയായത് കൊണ്ട് ആ കുട്ടി ഇത് രഹസ്യമായി തന്നെ സൂക്ഷിക്കുമായിരുന്നില്ലേ ?ഇത്തരം വിക്രിയകളൊക്കെ സ്വാഭാവികമാണെന്ന് കന്യാസ്ത്രീ മഠങ്ങളെപ്പറ്റി കന്യാസ്ത്രീകള്‍ തന്നെ ഇക്കാലത്ത് പറയുകയും എഴുതുന്നുമുണ്ട് .ഇനി ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞാല്‍ത്തന്നെ എന്താണ് പ്രശനം ?അണിഞ്ഞിരുന്ന ളോഹകള്‍ ഊരിയെറിഞ്ഞു മറ്റെന്തെങ്കിലും ജോലിക്ക് പോകേണ്ടിവരും .അത്രയല്ലേ സംഭവിക്കൂ ?
പക്ഷെ സാത്തന്റെ ബുദ്ധി അങ്ങിനെയല്ല അവരില്‍ അപ്പോള്‍ പ്രവര്‍ത്തിച്ചത് എന്നുമാത്രം! അതുകൊണ്ട് ഇനിയും ഇമ്മാതിരിപ്പണിക്ക് പോകുന്നവര്‍ ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ കോടാലി തിരയുകയല്ല വേണ്ടത് സ്വന്തം തലച്ചോറിനെ ആശ്രയിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലത് .ഇനി അഭക്കേസിനെ അടിസ്ഥാനപ്പെടുത്തി പുരസ്‌കാരങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം .കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ എല്ലാ വര്‍ഷവും ഉണ്ടാവാറുണ്ട് ,അവരുടെ സ്തുത്യര്‍ഹമായ ഈ ബുദ്ധിവൈഭവത്തെ മുന്‍നിര്‍ത്തി അവര്‍ക്ക് ഒരു ‘മൈക്കിള്‍ശ്രീ ‘അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും .അടുത്തത് സത്യസന്ധരായ കീഴുദ്യോസ്ഥരെ കേസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിക്കുന്ന മേലുദ്യോസ്ഥര്‍ക്കുള്ള അവാര്‍ഡാണ് .അതിനു ‘ത്യഗരാജ്ഭൂഷണ്‍’അവാര്‍ഡ് എന്ന് പേരിടാവുന്നതാണ് .മേല്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും മത്സരാര്‍ത്ഥികള്‍ ഒന്നിലധികം ഉണ്ടാവാന്‍ സാധ്യതയുണ്ട് .
അപ്പോള്‍ നറുക്കിട്ട് ജേതാവിനെ തെരഞ്ഞെടുക്കേണ്ടതാണ് .എന്നാല്‍ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന പോലീസുകാരും അപൂര്‍വമായി സംഭവിക്കാറുണ്ട് .അവര്‍ക്ക് ‘അഗസ്ത്യശ്രീ ‘നല്‍കാവുന്നതാണ് (ഈ അവാര്‍ഡിന് മത്സരാര്‍ത്ഥികള്‍ പൊതുവെ കുറവാകാനാണ് സാധ്യത )ജീവിതത്തിന്റെ വലിയൊരു സമയം നീതിക്ക് വേണ്ടി പോരാടിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും ആദര്‍ശത്തിന്റെ ആള്‍രൂപമായി സിബിഐ ഉദ്യോഗം പുല്ലുപോലെ വലിച്ചെറിഞ്ഞ വര്‍ഗ്ഗീസ് സാറിനും ഭീഷണികള്‍ക്കും കൊടിയ മര്‍ദ്ദങ്ങള്‍ക്കും ഇരയായിട്ടും സത്യത്തിന്റെ പ്രതിരൂപമായി മാറിയ അടയ്ക്കാ രാജുവിന് വിശ്വസ്തനായ സാക്ഷി എന്ന പദവിയും ജനങ്ങള്‍ നല്കിക്കഴിഞ്ഞതിനാല്‍ ഗവര്‍മെന്റ് അതേക്കുറിച്ചു ബുദ്ധിമുട്ടേണ്ടതില്ല .