ആലപ്പുഴ: ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച. ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ടാങ്കർ ലോറിയിൽ നിന്നാണ് വാതകം ചോർന്നത്. ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റി, മരക്കുറ്റി വെച്ച് വാൽവ് അടച്ച് തത്കാല പരിഹാരം കണ്ടിട്ടുണ്ട്. അഗ്നിശമനസേനയാണ് ഇത് ചെയ്തത്. പൊലീസ് സ്ഥലത്തുണ്ട്.
കൊച്ചിയിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ച ഉണ്ടായത്. അരൂർ -ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരു വശത്ത് കൂടെ മാത്രമായി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
ചന്തിരൂരിൽ പാലം ഇറങ്ങുമ്പോൾ ടാങ്കറിന്റെ പിറകിലെ വാൽവ് തുറന്ന് പോയതോടെയാണ് വാതകം ചോർന്നത്. ഇത് അറിയാതെ ടാങ്കർ ലോറി മുന്നോട്ട് പോയി. റോഡിലൂടെ അര കിലോമീറ്ററോളം വാതകം ഒഴുകി. പ്രശ്നം പൂർണമായും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു.