തൃശൂരിൽ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തൃശൂർ : സ്വർണം പണയപ്പെടുത്താൻ നൽകാത്തതിന്റെ വൈരാഗ്യത്തിൽ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തൃശൂർ തളിക്കുളം സ്വദേശി ഷാജിത (54) യാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹബീബ് (52) അറസ്റ്റിലായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. ഷാജിത തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഷാജിത സ്ഥിരമായി ഓട്ടം വിളിക്കാറുള്ളയാളായിരുന്നു ഹബീബ്. രാവിലെ മസാലദോശവാങ്ങി വീട്ടിലെത്തിച്ച ഹബീബ് സ്വർണ്ണം പണയം വയ്ക്കാൻ ചോദിച്ചു. അത് നിഷേധിച്ചതോടെ 3 പവന്റെ മാല ബലമായി കൈവശപ്പെടുത്തി.
രാവിലെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് വിവരം പുറത്ത് വന്നത്. അടച്ചിട്ട വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന് അവശനിലയിലായിരുന്ന ഷാജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിലുള്ള വിരോധമാണ് ഷാജിതയുടെ കൊലയിലേക്ക് നയിച്ചത്. ഹബീബിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സജിതയുടെ തട്ടിയെടുത്ത സ്വർണം പ്രതിയുടെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഷാജിത തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസറിയിച്ചു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. ചോദ്യം ചെയ്യൽ തുടരുകയാണ്.