കൊവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റം സമ്മതിച്ചു. ആസൂത്രിതമായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി. ആംബുലന്‍സില്‍ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. അടൂരില്‍ നിന്ന് പന്തളം തൊട്ടടുത്തായിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി പന്തളത്തേക്ക് മടങ്ങുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News