തൃശൂരില്‍ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

തൃശൂര്‍: വനിത ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ പൂങ്കുന്നത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. മൂവാറ്റുപുഴ പാലക്കുഴ വലിയകുളങ്ങര വീട്ടില്‍ കെ.എസ്. ജോസിന്റെ മകള്‍ ഡോക്ടര്‍ സോന (30) ആണു മരിച്ചത്.

അറസ്റ്റിലായ മഹേഷ് സോനയുടെ സുഹൃത്താണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സോനയ്ക്കു കുത്തേറ്റത്. രണ്ടുവര്‍ഷമായി കുട്ടനെല്ലൂരില്‍ മഹേഷും സോനയും ചേര്‍ന്നു ദന്തല്‍ ക്ലിനിക് നടത്തിവരികയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെത്തുടര്‍ന്നു നാട്ടില്‍നിന്നു സോനയുടെ ബന്ധുക്കള്‍ എത്തി ഒല്ലൂര്‍ പോലീസില്‍ മഹേഷിനെതിരെ പരാതി നല്‍കി.

വൈകുന്നേരം നാലോടെ ക്ലിനിക്കിലെത്തിയ മഹേഷ് ബന്ധുക്കള്‍ നോക്കിനില്‍ക്കേ സോനയുടെ വയറിലും തുടയിലും കുത്തി. ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷ് ബന്ധുവിന്റെ വീട്ടില്‍ കാര്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

മഹേഷിന്റെ കാര്‍ പിന്നീട് ഒല്ലൂര്‍ പോലീസ് കണ്ടെടുത്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സോന രണ്ടു വര്‍ഷമായി മഹേഷുമൊത്ത് തൃശൂര്‍ കുരിയച്ചിറയിലെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News