വയനാട്: കോളിളക്കം സൃഷ്ടിച്ച നെല്ലിയമ്പം ഇരട്ടക്കൊലപാതകകേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കാേടതി. ഈ മാസം 29ന് ശിക്ഷ വിധിക്കുമെന്ന് വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 അറിയിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് അരുംകൊലകൾ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടിക്കൊല്ലുകയായായിരുന്നു.
റിട്ടയേർഡ് അദ്ധ്യാപകനായ നെല്ലിയമ്പത്ത് പദ്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. വൃദ്ധ ദമ്പതികളുടെ അയൽവാസിയാണ് അർജുൻ. വീട്ടിനുള്ളിൽ വെട്ടേറ്റനിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ഇരുവരും മരിച്ചു.
മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനിടെ അർജുൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും, അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് അർജുൻ പൊലീസിനോട് സമ്മതിച്ചു.കൃത്യം നടത്താൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് പൊലീസിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടിൽ കൂലിവേല ചെയ്യുകയായിരുന്നു. പനമരം, നീര്‍വാരം സ്കൂളുകളിലെ കായിക അദ്ധ്യാപകനായിരുന്നു മരിച്ച കേശവന്