പത്തനംതിട്ട: പന്തളം മാന്തുകയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ന് എം.സി റോഡിലാണ് അപകടം.
മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ അമല്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പന്തളം മാന്തുക പ്രദേശം സ്ഥിരം അപകടമേഖലയാണ്. 2017-ൽ റോഡ് നവീകരണം പൂർത്തിയായതിന് ശേഷം അപകടങ്ങൾ വലിയതോതിൽ വർധിച്ചതായാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തൽ. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ പ്രദേശത്ത് അപകടങ്ങളിൽ മരിച്ചത് 150-ലേറെ ആളുകളാണ്.