സുഹൃത്തിന് ചലച്ചിത്ര അവാർഡ്; കേക്ക് വാങ്ങാൻ പോയ ക്യാമറാമാൻ ലോറിയിടിച്ച് മരിച്ചു

പേരാമംഗലം : സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ ക്യാമറാമാൻ ബൈക്കിൽ ലോറിയിടിച്ച് മരിച്ചു. അടാട്ട് കൃഷ്ണപുരത്ത് അതുൽകൃഷ്ണ (25) യാണ് മരിച്ചത്. സുഹൃത്ത് അജയൻ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ലഭിച്ച വിവരമറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാൻ കേക്ക് വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം.

വെള്ളിയാഴ്‌ച വൈകീട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമല ആശുപത്രിക്കു സമീപം ചിറ്റിലപ്പിള്ളി റോഡ് ചേരുന്ന ജങ്‌ഷനിലായിരുന്നു അപകടം. ബൈക്കിൽ ചിറ്റിലപ്പിള്ളി ഭാഗത്തുനിന്ന്‌ അമലയിലേക്ക് തിരിയുന്നതിനിടെയാണ് ലോറി ഇടിച്ചത്. ഞായറാഴ്‌ച പുലർച്ചെ മൂന്നോടെ മരിച്ചു.

പുറനാട്ടുകര സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നിർമിച്ച നാലുമണിപ്പൂക്കൾ മ്യൂസിക് ആൽബം, തേനലുവ, കോവിഡിനെ ബന്ധപ്പെടുത്തിയ മൊപ്പാള എന്നീ ഹ്രസ്വചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു അതുൽകൃഷ്ണ. കോട്ടയം മീഡിയ വില്ലേജിൽനിന്ന് പി.ജി. ബിരുദം നേടി. അച്ഛൻ: അശോകൻ. അമ്മ: പ്രീത. സഹോദരൻ: അമൽകൃഷ്ണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News