കോട്ടയം:ഏറ്റുമാനൂരിൽ കാറിടിച്ച് അമ്മയും 2 പെൺമക്കളും മരിച്ച കേസിൽ പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പറഞ്ഞത്. 2019 മാർച്ച് 4ന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപാസ് റോഡിലുണ്ടായ അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവർ മരിച്ച സംഭവത്തിലാണു വിധി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.
ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജയചന്ദ്രൻ ഹാജരായി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.
നൈനുവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ, നടന്നുപോകുകയായിരുന്ന ലെജിയെയും മക്കളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. റോഡിനു സമീപത്തെ പുരയിടത്തിലെ തേക്കു മരത്തിൽ ഇടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ 3 പേരും 10 മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. അന്നു തൊട്ടടുത്ത പറമ്പിലെ തെങ്ങിൻ ചുവട്ടിലും ലെജിയും നൈനുവും റോഡരികിലുമാണ് വീണത്. അന്നുവിന്റെ കാൽ അറ്റുപോയ നിലയിലായിരുന്നു.
കാർ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഒട്ടേറെ വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ ഗുഡ്സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്.