ആറുപതിറ്റാണ്ടിനിടെ ചൈനീസ് ജനസംഖ്യയിൽ കുറവ്- ആശങ്കയെന്ന് വിദഗ്ധർ
ബീജീങ്: ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി.ജനനനിരക്കിൽ സ്ഥിരമായ ഇടിവിന് ശേഷമാണ് ആദ്യമായി ജനസംഖ്യയിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്. വിദേശികൾ ഒഴികെ, ചൈനയിലെ ജനസംഖ്യയിൽ 2022ൽ 850,000 പേർ കുറഞ്ഞ് 1.41 ബില്യണായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ അറിയിച്ചു. 2022-ൽ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.
നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, 2021 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ 480,000 വർധിച്ച് 1.41 ബില്യൺ ആയി ഉയർന്നു. 2020ൽ ജനനനിരക്ക് 20 ശതമാനവും 2021ൽ 13ശതമാനവും കുറഞ്ഞിരുന്നു. 1960-കളുടെ തുടക്കത്തിലാണ് ചൈന അവസാനമായി നെഗറ്റീവ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയതെന്ന് ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ വിമർശകനും ‘ബിഗ് കൺട്രി വിത്ത് എ എംപ്റ്റി നെസ്റ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ യി ഫുസിയാൻ പറഞ്ഞു. അതേസമയം, 2022 ഡിസംബർ എട്ടിനും 2023 ജനുവരി 12 നും ഇടയിൽ ചൈനീസ് ആശുപത്രികളിൽ 60,000 ത്തോളം ആളുകൾ കൊവിഡ് -19 ബാധിച്ച് മരിച്ചതായി ആരോഗ്യ അധികാരികൾ വെളിപ്പെടുത്തിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.
ചൈനയിൽ ആറു പതിറ്റാണ്ടിനിടെ ആദ്യമായി മരണങ്ങൾ കഴിഞ്ഞ വർഷം ജനനത്തേക്കാൾ കൂടുതലായി, ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 2022-ൽ ചൈനയിൽ 9.56 ദശലക്ഷം ജനനങ്ങൾ നടന്നപ്പോൾ 10.41 ദശലക്ഷം ആളുകൾ മരിച്ചു. 1960-കളുടെ തുടക്കത്തിൽ, മാവോ സേതുങ്ങിന്റെ ‘ഗ്രേറ്റ് ലീപ് ഫോർവേഡ്’ സമയത്താണ് ചൈനയിൽ ജനനത്തേക്കാൾ മരണങ്ങൾ കൂടുതലായത് റിപ്പോർട്ട് ചെയ്തത്. ആയുർദൈർഘ്യത്തിലെ ഉയർച്ചയോടൊപ്പം ജനസംഖ്യ കുറയുന്നത് ചൈനയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും മാത്രമല്ല, ലോകത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ന്യൂയോർക്ക് ടൈംസിൽ പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ ലോകം കണ്ടിട്ടില്ലാത്ത ചൈനയെയാണ് ഞങ്ങൾ കാണാൻ പോകുന്നതെന്ന് ചൈനയിലെ ജനസംഖ്യാശാസ്‌ത്രത്തിൽ വിദഗ്ധനായ ഇർവിനിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ വാങ് ഫെങ് പറഞ്ഞു. യുവാക്കളുടെ എണ്ണത്തിൽ കുറവുവരികയും വൃദ്ധജനസംഖ്യയിൽ ഉയർച്ചയുണ്ടാകുകയും ചെയ്യുമെന്നാണ് പ്രധാന ആശങ്ക. അത്തരമൊരു സാഹചര്യമുണ്ടായാൽ ചൈന ഉൽപാദന രംഗത്ത് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ചൈനയുടെ ജനസംഖ്യയിലെ ഇടിവ് ആഗോള തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വർഷാവസാനം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നേക്കും. ജനനനിരക്ക് കുറയ്ക്കാൻ ചൈനീസ് ഭരണകൂടം ഏറെക്കാലമായി നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ ജനസംഖ്യ കുറക്കുന്നത് രാജ്യത്തെ ആകെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പഠനങ്ങൾ വന്നതോടെ തിരുത്തി. 2016-ൽ 35 വർഷമായി നിലവിലിരുന്ന ഒരു കുട്ടി നയത്തിൽ ഇളവ് വരുത്തി. 2021-ൽ അവർ കുട്ടികളുടെ പരിധി മൂന്നായി ഉയർത്തി. ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ദേശീയ നയം രൂപീകരിക്കുമെന്ന് ഷി ജീൻ പിങ് പറഞ്ഞിരുന്നു.