തിരുവനന്തപുരം: കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള തത്വത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.
വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു. കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. പക്ഷെ കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമാണ രംഗത്തുള്ള പ്രശ്ങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലിയുടെ പ്രശ്നം പരിഷ്കൃത സമൂഹത്തിന് നല്ലതല്ല.
നോക്കുകൂലി പൂർണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ് പരിഹരിച്ചത്. എല്ലാ നിക്ഷേപവും കേരളത്തിൽ വരാൻ പറ്റില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും. നിക്ഷേപകർക്ക് എല്ലാ സഹായവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭ ബിസിനസ് മീറ്റ് പ്രസംഗത്തിൽ പറഞ്ഞു.