മനാമ: വിമാനത്തില്‍ വെച്ച് പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവിന് ബഹ്റൈന്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 25 വയസുകാരനായ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തി. നേരത്തെ കീഴ്‍കോടതി വിധിച്ച ജയില്‍ ശിക്ഷക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം പരമോന്നത കോടതി തള്ളുകയായിരുന്നു.
ലണ്ടനില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രയ്‍ക്കിടെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച പ്രതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‍തു. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കും പീഡനത്തിനും ഉള്‍പ്പെടെയാണ് കോടതി ശിക്ഷ വിധിച്ചത്.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങിയ പ്രതി, വിമാനത്തില്‍ വെച്ച് രണ്ട് പെണ്‍കുട്ടികളോടും അപരമര്യാദയായി പെരുമാറാന്‍ തുടങ്ങി. കുട്ടികളിലൊരാളുടെ അടുത്ത് പോയിരുന്ന് ആദ്യം അശ്ലീല ചുവയോടെ സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി ശബ്‍ദമുയര്‍ത്തുകയും മാറിയിരിക്കാന്‍ പറയുകയും ചെയ്‍തതോടെ മറ്റൊരു പെണ്‍കുട്ടിയുടെ സീറ്റിന് സമീപം പോയിരുന്ന് ശല്യം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികളുടെ സമീപത്തുവെച്ച് നഗ്നതാ പ്രദര്‍ശനവും നടത്തി. ഇവരുടെ ശരീരത്തില്‍ സ്‍പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കി. വിമാന ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് ബഹ്റൈനില്‍ എത്തിയ ശേഷം പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ താന്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ബോധത്തോടെയല്ല കുറ്റകൃത്യങ്ങള്‍ ചെയ്‍തതെന്നുമായിരുന്നു പ്രതിയുടെ വാദം. വിമാനം അന്തരീക്ഷച്ചുഴികളില്‍ വീണപ്പോള്‍ അബദ്ധത്തില്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ താന്‍ സ്‍പര്‍ശിച്ചതാണെന്നും ഇയാള്‍ വാദിച്ചു.
എന്നാല്‍ യുവാവിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. എല്ലാ കുറ്റകൃത്യങ്ങളും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വിമാനത്തില്‍ വെച്ചുണ്ടായ എല്ലാ പ്രവൃത്തികള്‍ക്കും പ്രതി ഉത്തരവാദിയാണെന്നും ശിക്ഷ അനുഭവിക്കണമെന്നും കോടതി നിലപാടെടുത്തു. വിധിക്കെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയെയും അതിന് ശേഷം പരമോന്നത കോടതിയെയും സമീപിച്ചെങ്കിലും ശിക്ഷ ശരിവെയ്‍ക്കുകയായിരുന്നു.