29.5 C
Kottayam
Monday, May 13, 2024

മകളുടെ മുന്‍പില്‍ പ്രകൃതിവിരുദ്ധ ബന്ധത്തിന് ശ്രമം; ‘ഭര്‍ത്താവെങ്കിലും ബലാല്‍സംഗം തന്നെ’

Must read

ബെംഗളൂരു ∙ ലൈംഗിക പീഡനം നടത്തുന്നതു ഭർത്താവ് ആണെങ്കിലും അതു ബലാൽസംഗക്കുറ്റം തന്നെയെന്നു കർണാടക ഹൈക്കോടതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് തന്നെ ലൈംഗിക അടിമ ആയാണു കാണുന്നതെന്നും മകളുടെ സാന്നിധ്യത്തിൽ പ്രകൃതിവിരുദ്ധ ബന്ധത്തിനു നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നൽകിയ കേസ് തള്ളാനാകില്ലെന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അറിയിച്ചു.

വിവാഹം ക്രൂരത കാട്ടാനുള്ള ലൈസൻസ് അല്ല. ലൈംഗിക പീഡനത്തിന്റെ പേരിൽ പുരുഷനെ ശിക്ഷിക്കുന്നുണ്ടെങ്കിൽ അത് വിവാഹിതരായ പുരുഷനും ബാധകമാണ്. ഭാര്യയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഉടമസ്ഥൻ ഭർത്താവാണെന്നത് അറുപഴഞ്ചൻ ചിന്താഗതിയാണ്– കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയായ സ്ത്രീയുമായുള്ള വിവാഹ ജീവിതത്തിലെ ബലാൽസംഗം കുറ്റകരമാക്കാത്ത ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 375–ാം വകുപ്പ് നിലനിർത്തിയാൽ ഭരണഘടനയിലെ ലിംഗസമത്വമെന്ന ആശയം തന്നെ തകരും. ഭാര്യയുടെ മാനസിക, ശാരീരിക അവസ്ഥകളെ ഭർത്താവിന്റെ പീഡനം ഗുരുതരമായി ബാധിക്കും. അവളുടെ ഹൃദയത്തിൽ മുറിവേൽക്കുന്നത് തിരിച്ചറിയണം. നിയമനിർമാണ സ്ഥാപനങ്ങൾ ഇനിയെങ്കിലും ഇത്തരം സ്ത്രീകളുടെ നിശ്ശബ്ദ വിലാപം കേൾക്കാൻ തയാറാകണം– കോടതി പറഞ്ഞു.

വിശദ ചർച്ച പൂർത്തിയാക്കുന്നതു വരെ വിവാഹജീവിതത്തിലെ ലൈംഗിക പീഡനത്തെ (മാരിറ്റൽ റേപ്) ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്. വിഷയത്തിൽ സമഗ്ര മാറ്റത്തിനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഇക്കൊല്ലം ജനുവരിയിൽ സമാനമായ കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കി.

ഇതനുസരിച്ച്, ഭാര്യയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാൽസംഗമായി കാണാനാവില്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി കഴിഞ്ഞവർഷം വിധിച്ചിരുന്നു. ഭാര്യക്കു പ്രായപൂർത്തിയായില്ലെങ്കിൽ മാത്രമേ ഇതു കുറ്റകരമാകൂ. എന്നാൽ, പങ്കാളിക്കു താൽപര്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു വിവാഹമോചനം അനുവദിക്കാൻ തക്ക ക്രൂരതയാണെന്നു കേരള ഹൈക്കോടതി ഒരു കേസിൽ കഴിഞ്ഞവർഷം വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week