അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മലയാളികളും ഒരു പാക് പൗരനുമാണ് മരിച്ചത്. മരിച്ച മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിൽ ദാമോദരന്റെ മകൻ ധനേഷ് (32) ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശിയായ ആർ ശ്രീകുമാർ (43) എന്നിവരാണ് മരിച്ച മലയാളികൾ. ധനേഷ് ആഹാരം റെസ്റ്റോറന്റിൽ ആഹാരം കഴിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ റെസ്റ്റോറന്റിൽ നിന്ന് തെറിച്ചുവന്ന ലോഹക്കഷണം സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാറിന്റെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു.
80 ശതമാനത്തോളം പൊള്ളലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവധിയ്ക്ക് ശേഷം രണ്ട് ദിവസം മുമ്പാണ് ധനേഷ് തിരിച്ച് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ 120 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 106 പേരും ഇന്ത്യക്കാരാണെന്നാണ് എംബസി അധികൃതർ വ്യക്തമാക്കുന്നത്. 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫുഡ് കെയർ റെസ്റ്റോറന്റിൽ പൊട്ടിത്തെറിയുണ്ടായത്. കണ്ണൂർ സ്വദേശിയായ അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശിയായ ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. രണ്ടുതവണ സ്ഫോടനമുണ്ടായതായാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. സ്ഫോടനത്തിൽ അടുത്തുള്ള ആറ് കെട്ടിടങ്ങൾക്കും റെസ്റ്റോറന്റിന് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.