കൊച്ചി:അമേരിക്കൻ ജീവിതം മതിയാക്കി ഇന്ത്യയിൽ സെറ്റിൽഡാണ് ഇപ്പോൾ നടി അഭിരാമി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ തിളങ്ങുന്ന താരമാണ് നടി അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായെത്തി മലയാളികളുടെ സ്വന്തമായി മാറിയ നടി കൂടിയാണ് അഭിരാമി.
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ അഭിരാമി ചെയ്തിട്ടുള്ളത് എങ്കിലും നിറഞ്ഞ സ്വകരണമായിരുന്നു താരത്തിന് ലഭിച്ചത്. ഇടവേളകൾ എടുത്ത് മലയാളത്തിലേക്ക് തിരിച്ച് വന്നപ്പോഴും അഭിരാമിക്ക് മലയാളികളുടെ മനസിൽ പഴയ സ്ഥാനമുണ്ടായിരുന്നു.
1999 മുതലാണ് അഭിരാമി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു അഭിരാമിയുടെ തുടക്കം. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നുവന്നത്. പത്രത്തിലും മില്ലേനിയം സ്റ്റാർസിലും അഭിനയിച്ച ശേഷമാണ് ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ നായിക വേഷം അഭിരാമിക്ക് ലഭിച്ചത്.
പിന്നീട് മോഹൻലാലിനൊപ്പം ശ്രദ്ധ എന്ന ചിത്രത്തിലും അഭിരാമി നായികയായി. ചലച്ചിത്ര ജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. ഇതിന്റെ സംവിധാനം ശ്രീ കുമാരൻ തമ്പി ആയിരുന്നു.
താരത്തിന്റെ ജനനം തമിഴ്നാട്ടിലായിരുന്നു. പക്ഷെ വളർന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്, മലയാളം എന്നീ ഭാഷകൾ അഭിരാമിക്ക് നല്ല വശമാണ്. അഭിരാമിയുടെ സിനിമാ ജീവിതത്തിലെ നാഴികകല്ലെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കമൽഹാസൻ നായകനായ വിരുമാണ്ടി.
ചിത്രത്തിലെ കമലിന്റെ നായികയായിരുന്നു അഭിരാമി. ഉലകനായകനോട് ആരാധന തോന്നാത്തവർ ചുരുക്കമാണ്. അത്തരത്തിൽ കമൽഹാസന്റെ കടുത്ത ആരാധികയാണ് അഭിരാമി. താൻ എന്തുകൊണ്ടാണ് കമൽഹാസൻ ഫാൻ ആയതെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
കമൽഹാസന്റെ ആരാധിക ആവുക എന്നതല്ലാതെ തനിക്ക് വേറെ വഴിയില്ലെന്നാണ് അഭിരാമി പറയുന്നത്. ‘കമൽഹാസന്റെ ആരാധിക ആവുക എന്നതല്ലാതെ എനിക്ക് വേറെ വഴിയില്ല. കാരണം എന്റെ കുടുംബത്തിലെ എല്ലാവരും കമൽസാറിന്റെ ആരാധകരാണ്.’
‘അമ്മയും മറ്റുള്ളവരുമെല്ലാം കടുത്ത കമൽ സാർ ആരാധകരാണ്. സിവപ്പ് റോജക്കളുടെ സമയം മുതൽ അവർ എല്ലാം അദ്ദേഹത്തിന്റെ ഫാൻസാണ്. ആ സിനിമയിലെ പാട്ടുകൾ എല്ലാവരും സ്ഥിരമായി മൂളി നടക്കാറുണ്ട്. കമൽ എന്ന പേര് തന്നെ എന്റെ കുടുംബത്തിന് വളരെ സ്പെഷ്യലാണ്.’
‘അതുപോലെ തന്നെ ഗുണ സിനിമ റിലീസ് ചെയ്ത ശേഷം എന്റെ കസിൻസ് എല്ലാം അമ്മയോട് പറയുമായിരുന്നു എനിക്ക് അഭിരാമി എന്ന പേര് വെക്കാമെന്ന്. അപ്പോൾ എന്റെ പേര് ദിവ്യ എന്നായിരുന്നു. കസിൻസ് ഒരുപാട് നിർബന്ധിച്ചെങ്കിലും പേര് നേരത്തെ തന്നെ ഇട്ടതിനാൽ മാറ്റാൻ ആരും നിന്നില്ല.
‘പിന്നീട് ആങ്കറിങ് പൊഫഷനിലേക്ക് വന്നപ്പോൾ അവർ ചോദിച്ചു പേര് മാറ്റാൻ താൽപര്യമുണ്ടോയെന്ന്. അപ്പോഴാണ് എനിക്ക് തോന്നിയത് അഭിരാമി എന്ന് പേരിടാമെന്ന്. അദ്ദേഹത്തിന്റെ സിനിമകളെക്കാൾ കമൽ സാറിന്റെ ലൈഫ് ഫിലോസഫിയാണ് എനിക്ക് കൂടുതൽ ഇഷ്ടമെന്നും’, താരം പറയുന്നു.
2009ല്‍ ആണ് അഭിരാമി വിവാഹിതയായത്. ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും കുഞ്ഞുങ്ങളില്ലായിരുന്നു. അടുത്തിടെയാണ് ഇരുവരും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് താനും ഭർത്താവും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തെന്ന വിവരം അഭിരാമി സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തിയത്.
മാതൃദിനത്തില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് താനും ഭര്‍ത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ദത്തടുത്തിട്ട് ഒരു വര്‍ഷമായെന്നും അഭിരാമി അറിയിച്ചു.
‘പ്രിയപ്പെട്ട സുഹൃത്തുക്കളെ… ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു’, എന്നാണ് അഭിരാമി കുറിച്ചത്.