കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായ വട്ടവടയിലെ അഭിമന്യുവിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പഠിച്ച് തൊഴില്‍ വാങ്ങുന്നതിനോടൊപ്പം സഹജീവികളെ സഹായിക്കണമെന്ന ആഗ്രഹത്തോടെയാണ് വട്ടവടയില്‍ നിന്ന് അഭിമന്യു മഹാരാജാസിലേക്ക് വന്നത്. സ്വപ്‌നം പൂവണിയുന്നതിന് മുമ്പേ ജീവന്‍ പൊലിഞ്ഞെങ്കിലും സ്വപ്നങ്ങള്‍ സഫലമാകുകയാണ്.
അഭിമന്യുവിന്റെ ആശയങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്ത് അഭിമന്യുവിന്റെ ഓര്‍മകളോടും രക്തസാക്ഷിത്വത്തോടും ചേര്‍ന്ന് നില്‍ക്കുകയാണ് അഭിമന്യു വിശ്വസിച്ചിരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനയും പ്രവര്‍ത്തകരും. അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണവര്‍.
ആദിവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ എറണാകുളത്തെ അഭിമന്യുവിന്റെ സമരക മന്ദിരം ഒരു തുടക്കമാകുമെന്നാണ് പ്രതീക്ഷ. പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം. അഭിമന്യു സ്മാരക ട്രസ്റ്റാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠന യോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദേശ സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ കോഴ്സുകള്‍, മത്സര പരീക്ഷാ പരിശീലനം, തൊഴില്‍ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയ്ക്കും അവസരമൊരുക്കും. കൊവിഡ് തീവ്രത കുറയുമ്പോള്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 250 കുട്ടികള്‍ക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ ജൂലൈ രണ്ടിന് മൊബൈല്‍ഫോണ്‍ നല്‍കും.
ഊരുകളില്‍ അഭിമന്യുവിന്റെ സ്മരണാര്‍ഥം നിര്‍മിച്ച ലൈബ്രറികള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രം ഒരുക്കും. മാസത്തില്‍ ആദ്യ വെള്ളിയാഴ്ച കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കൊവിഡ് കുറയുമ്പോള്‍ ഊരുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എസ്.എഫ്‌ഐ. സെക്രട്ടറി സി.എസ്. അമല്‍ പറഞ്ഞു.
സി പി എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ച് ആറര സെന്റ് സ്ഥലത്താണ് അഭിമന്യു മന്ദിരം നിര്‍മിച്ചത്. തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍, റഫറന്‍സ് ലൈബ്രറി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം എന്നിവയാണ് സ്മാരകത്തിന്റെ ലക്ഷ്യം. അഭിമന്യുവിന്റെ ഓര്‍മ്മ പുതുക്കി സംസ്ഥാനത്ത് പലയിടത്തും കുട്ടികള്‍ക്കുള്ള നോട്ട് ബുക്കുകളുടെ വിതരണം നടന്നിരുന്നു.