കോട്ടയം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം അച്ചടിച്ച് തൃശൂര്‍ അതി രൂപത കലണ്ടര്‍ പുറത്തിറക്കിയതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അവഗണിച്ച് കലണ്ടര്‍ പിന്‍വലിക്കാന്‍ തയ്യാറകാത്ത തൃശൂര്‍ അതിരൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും അതേനാണയത്തില്‍ തിരിച്ചടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വാസികള്‍. ഫ്രാങ്കോ കലണ്ടറിന് ബദലായി അഭയ കലണ്ടര്‍ ഇറക്കിക്കൊണ്ടാണ് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം.
കലണ്ടറിന്റെ ഔപചാരികമായ പ്രകാശനം ഇന്ന് കോട്ടയം അതിരൂപതയ്ക്കു മുന്‍പില്‍ കെസിആര്‍എം സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ പരിപാടിയില്‍ വെച്ച് നടന്നു. കോട്ടയം അതിരൂപതാ മേധാവികള്‍ രാജ്യനിയമങ്ങളെയും ധാര്‍മികമൂല്യങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് അഭയ കൊലക്കേസില്‍ പ്രതികളായ പുരോഹിതരെയും കന്യാസ്ത്രിയെയും പുറത്താക്കാതെ ഔദ്യോഗിക വേഷത്തില്‍ തുടരാനനുവദിക്കുകയും സഭാസ്വത്ത് ദുരുപയോഗം ചെയ്ത് കേസ് നടത്തുകയും വഴി ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസികളുടെ വിമര്‍ശനം.
ഇതിനെതിരെയാണ് ഇന്നത്തെ പ്രതിഷേധവും അഭയ കലണ്ടര്‍ പ്രകാശനവും കേസിലെ മുഖ്യ സാക്ഷിയായ രാജുവിനെ അനുമോദിക്കലും സംഘടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുകയും സമൂഹമധ്യത്തില്‍ അപഹാസ്യരാകുകയും ചെയ്യുന്ന അസാന്മാര്‍ഗീക പൗരോഹിത്യങ്ങളില്‍ നിന്നും സഭയെ രക്ഷിക്കാന്‍ പ്രതികളെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് കെസിആര്‍എം സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു.