കൊച്ചി:നടന്‍ കൊച്ചു പ്രേമന്‍ വിടവാങ്ങിയിരിക്കുകയാണ്. നാടകത്തിലൂടെ വന്ന് സിനിമയിലും സീരിയലിലുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നടനായിരുന്നു കൊച്ചു പ്രേമന്‍. തിരശ്ശീലയില്‍ മലയാളിയ്ക്ക് കൊച്ചു പ്രേമന്‍ ഒരു നടനായിരുന്നില്ല, നിത്യവും കാണുന്ന കവലയിലെ ചേട്ടനോ, സ്‌നേഹത്തിന്റെ അധികാരത്തോടെ വീട്ടിലേക്ക് കയറി വരുന്ന അമ്മാവനും, ഒരു പ്രശ്‌നം വന്നാല്‍ ആദ്യം ഓടിയെത്തുന്ന അയല്‍ക്കാരനുമൊക്കെയായിരുന്നു. അത്രത്തോളം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു അദ്ദേഹത്തിന്റെ കഥാപാതങ്ങള്‍.
ഇപ്പോഴിതാ തന്റെ അമ്മാവനെക്കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. അവസാനം കണ്ടതിനെക്കുറിച്ചും അദ്ദേഹത്തിലെ കലാകാരനെക്കുറിച്ചുമൊക്കെ അഭയ കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ കണ്ട പൂര്‍ണ്ണ കലാകാരന്‍ എന്നാണ് അഭയ തന്റെ അമ്മാവനെ വിളിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്..എല്ലാ പ്രാവശ്യത്തെയും പോലെ. ചില്ലു കൂട്ടിലെ അവാര്‍ഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്. വഴിയില്‍ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്‌ലവര്‍ക്കേസിലെ ഫ്‌ളവര്‍ ആണെന്നാണ് അഭയ പറയുന്നത്.
മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാന്‍ ഈ കലാകാരന്റെ മരുമകള്‍ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാല്‍ വല്ലപ്പോഴും വായ തുറന്നാല്‍ ചുറ്റും ഇരിക്കുന്നവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാകുമെന്നും അമ്മാവനെക്കുറിച്ച് താരം പറയുന്നു. ഞാന്‍ കണ്ട പൂര്‍ണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങള്‍ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ. ആനിക്കുട്ടിയുടെ രാജു അണ്ണന്. ഞങ്ങളുടെ രാജു മാമ്മന് എ്ന്നു പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊച്ചു പ്രേമനൊപ്പമുള്ളൊരു ചിത്രവും അഭയ പങ്കുവച്ചിട്ടുണ്ട്. മുമ്പും അഭയ തന്റെ അമ്മാവനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ടുണ്ട്. ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അന്ന് അഭയ കൊച്ചുപ്രേമനെ വിളിച്ചത്. ഞാന്‍ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മല്‍ കൊണ്ട് തന്നു പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മല്‍, കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മന്‍ തന്ന മൊബൈല്‍ ഫോണ്‍, പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരുമെന്നാണ് അന്ന് അഭയ പറഞ്ഞത്.
ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും..ഞങ്ങടെ ‘ഗിഫ്റ് ബോക്സ് ‘ ആണ് മാമ്മന്‍ എന്നായിരുന്നു അന്ന് അഭയ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴാതി അമ്മാവനെക്കുറിച്ചുള്ള അഭയയുടെ പുതിയ കുറിപ്പും ആരാധകരുടെ മനസില്‍ തൊടുകയാണ്. 68 വയസായിരുന്നു കൊച്ചു പ്രേമന്. ഉച്ചയ്ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം കടുവയിലാണ് ഒടുവില്‍ അഭിനയിച്ചത്.
നടി ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. മലയാളികള്‍ക്ക് സുപരിചിതയാണ് ഗിരിജയും. ഇപ്പോള്‍ സാന്ത്വനം പരമ്പരയിലെ ലക്ഷ്മി അമ്മയായി അഭിനയിക്കുന്നത് ഗിരിജയാണ്. ഇരുവരും ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നവരാണ്. അവിടെ വച്ചാണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. തങ്ങളുടെ പ്രണയ കഥ ഈയ്യടുത്ത് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ കൊച്ചു പ്രേമന്‍ പങ്കുവച്ചിരുന്നു.