കൊച്ചി:എറണാകുളത്തെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ രംഗത്തെത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചു.
ഡിസിസി പ്രസിഡൻറ് വരുമ്പോൾ സ്ഥലത്തെ എം എല്‍ എയെയോ മുതിര്‍ന്ന നേതാക്കളേയോ അറിയിക്കാറില്ല. താൻ കൂടെ പിന്തുണച്ച് കത്ത് നല്‍കിയിട്ടാണ് മുഹമ്മദ് ഷിയാസിനെ എഐസിസി ഡിസിസി പ്രസിഡണ്ടാക്കിയതെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു.
മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിയെയും എല്‍ദോസ് കുന്നപ്പിള്ളി വിമര്‍ശിച്ചു. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നായിരുന്നു വിമര്‍ശനം. ശൈലി മാറ്റുന്നതാണ് ജെബി മേത്തര്‍ക്ക് നല്ലതെന്ന് എം.എല്‍.എ പറഞ്ഞു. പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ മഹിളാ കോൺഗ്രസില്‍ ഭാരവാഹികളെ വെക്കാനാകില്ല.
മുതിര്‍ന്ന നേതാവ് പിപി തങ്കച്ചനെ അപമാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ അനുവദിക്കില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള ഭിന്നതയാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ രൂക്ഷ വിമര്‍ശനത്തോടെ മറനീക്കി പുറത്തുവന്നത്.