30.6 C
Kottayam
Friday, April 26, 2024

‘അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദി’; ലത്തീന്‍ അതിരൂപത നിലപാട് വ്യക്തമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്

Must read

തിരുവനന്തപുരം: ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ കേരള മുസ്ലീം ജമാഅത്ത്. ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

മാത്രമല്ല, കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിച്ച പരാമര്‍ശത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിഴിഞ്ഞം സമരത്തിനു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയ്യാറാകണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.

നവംബര്‍ 29നു നടത്തിയ ഗുരുതര വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇതുവരെ അതു പിന്‍വലിക്കാനോ, മാപ്പുപറയാനോ അദ്ദേഹം തയാറായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ, അദ്ദേഹത്തിന്റെ പേരും മതവും ഉന്നംവച്ച് ഫാ. ഡിക്രൂസ് നടത്തിയ പരാമര്‍ശം സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

അത് കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ കേസെടുക്കാനും അറസ്റ്റു ചെയ്യാനും പൊലീസ് തയാറാകണം. രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും എല്ലാത്തരം വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണ്. എന്നാല്‍ രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റാനും അതില്‍ നിന്നു വര്‍ഗ്ഗീയമായി മുതലെടുക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നിരന്തരം നടത്തുന്നുണ്ട്.

അതിനു ശക്തി പകരുന്നതാണ് ഫാ. ഡിക്രൂസിന്റെ പരാമര്‍ശം. പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന കാഴ്ചപ്പാടിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയാതിരിക്കാന്‍ കഴിയില്ല. തുടര്‍ന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വര്‍ത്തമാനം പറയാന്‍ ആര്‍ക്കും ഇതൊരു പ്രചോദനമാകാതിരിക്കണമെങ്കില്‍ തിരുത്തലും നിയമനടപടിയും ആവശ്യമാണ്. ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തോട് വൈകാരികമായി പ്രതികരിക്കാനോ അതേ ശൈലിയില്‍ മറുപടി പറയാനോ തയാറാകാത്ത മുസ്‌ലിം സമുദായത്തിന്റെയും സഹോദരസമുദായങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയെ അഭിനന്ദിക്കുന്നു.

അതേസമയം, പരാമര്‍ശത്തിലെ വിഷംനിറഞ്ഞ ഉള്ളടക്കത്തെ അപലപിച്ചു സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ മതേതര പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു,ഭാരവാഹികൾ പറഞ്ഞു.

എ സൈഫുദീന്‍ ഹാജി (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്, സംസ്ഥാന കമ്മിറ്റി), സിദ്ധീഖ് സഖാഫി നേമം (സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം, സംസ്ഥാന കമ്മിറ്റി) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week