കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി.നെടുമ്പാശേരി വിമാനത്തിലെത്തിയ മഅദനി നേരെ അന്‍വാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്. ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തെ യാത്രാനുമതിയാണ് അദനിക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബെംഗളൂരുവിലെത്തും.
10 പൊലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ മദനിക്കൊപ്പം ഫ്ലൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്.
വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞു.
നേരത്തെ അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയിൽ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പൊലീസ് കത്ത് നൽകിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.
അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്. ഇതോടെ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കി. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് നിലവിലെ സൂചന.