ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ആം ആദ്മി നേതാവിനെ വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി കൗൺസിലറെ വെടിവച്ചു കൊന്നു. മലേർകോട്ട ജില്ലയിലെ കൗൺസിലർ മുഹമ്മദ് അക്ബർ ആണ് കൊല്ലപ്പെട്ടത്. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന കൗൺസിലറുടെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കോൺഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്‍റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മെയിലായിരുന്നു സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബ് മാന്‍സയിലെ  ജവഹര്‍കേയിലെയിൽ വച്ചായിരുന്നു സംഭവം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ്  മൂസേവാല വെടിയേറ്റ് മരിച്ചത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം.

കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. ആശുപത്രിയിൽ എത്തിക്കും മുൻപേ തന്നെ മൂസേവാല മരണത്തിന് കീഴടങ്ങി. ഇരുപത്തിയെട്ടുകാരനായ  മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മൂസേവാലയുടെ കൊലപാതകം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News