പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആളിയാര്‍ ഡാം അധികൃതര്‍ തുറന്നു. ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. 1,423 അടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിന് പുറത്തേക്ക് ഒഴുകുന്നത്.
ഇതേതുടര്‍ന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്നാട് തുറന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പുഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്കയുണ്ടാക്കിയത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. രാവിലെ എട്ട് മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാര്‍ നദിയുടെ ഇരുകരളിലുമുള്ളവര് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. 397 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നിരുന്നു തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലേക്ക് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാന്‍ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചിരുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് മുന്‍ ജലവിഭവ മന്ത്രിയും എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്, ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. അണക്കെട്ടില്‍നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 2300ല്‍നിന്ന് 2000 ഘന അടിയാക്കി കുറക്കുകയും ചെയ്തിരുന്നു. തേനി ജില്ലയില്‍ വ്യാപക മഴപെയ്യുന്ന സാഹചര്യത്തിലാണ് ജലം എടുക്കുന്നത് കുറച്ചതെന്നാണ് തമിഴ്നാട് അധികൃതരുടെ വിശദീകരണം നല്‍കിയത്.