കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം;റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.

മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.

ഫലം ഇതുവരെ കൈയ്യിൽ കിട്ടിയിട്ടില്ലെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വർഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.

കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽനിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകൾ നൽകി.

സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയിൽനിന്നും തിരുവനന്തപുരത്തെത്തിച്ചത്. കോടതി നിർദേശത്തെ തുടർന്നാണ് അധ്യാപക ദമ്പതിമാരുടെ സംരക്ഷണയിലുള്ള കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടത്. കുട്ടിയെ ഡി.എൻ.എ. പരിശോധനയ്ക്കായി തിരികെയെത്തിക്കാൻ സംസ്ഥാന ശിശുക്ഷേമ കൗൺസിൽ ജനറൽ സെക്രട്ടറി ഷിജുഖാനാണ് നിർദേശം നൽകിയത്. കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News