പാലക്കാട്: കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥ്, പിണറായിയുടെ വീട്ടില്‍ എച്ചില്‍ നക്കേണ്ടിവരുമെന്ന അനില്‍ അക്കരയുടെ പ്രസ്താവനയ്ക്കാണ് ഗോപിനാഥിന്റെ മറുപടി.
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചില്‍ നക്കും എന്ന് പറഞ്ഞാല്‍ അതില്‍ അഭിമാനിക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.
അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. നേരത്തേ, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കരെ വിമര്‍ശനം നടത്തിയത്.
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതായി ഗോപിനാഥ് സ്വദേശമായ പെരിങ്ങോട്ടുകുറുശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസക്കാരനായി ഇനി ഞാന്‍ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.