ലണ്ടന്‍: ട്വന്റി 20 പരമ്പരയുടെ ആവേശം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആവാഹിച്ച ആഷസ് പരമ്പരയ്ക്ക് ഒടുവില്‍ അവസാനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശ ജയം സ്വന്തമാക്കിയതോടെ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി.
രണ്ടാം ഇന്നിങ്‌സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 334 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 49 റണ്‍സ് ജയം. സ്‌കോര്‍: ഇംഗ്ലണ്ട് – 283/10, 395/10. ഓസ്‌ട്രേലിയ – 295/10, 334/10.
അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ അപ്രതീക്ഷിതമായി കളിമാറ്റിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. അതേസമയം വിരമിക്കല്‍ മത്സരം കളിക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന് ജയത്തോടെ യാത്രയയപ്പ് നല്‍കാനും ഇംഗ്ലണ്ടിനായി. രണ്ട് വിക്കറ്റുമായി ബ്രോഡ് വിടവാങ്ങല്‍ ഇന്നിങ്‌സ് അവിസ്മരണീയമാക്കി.
വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അഞ്ച് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഡേവിഡ് വാര്‍ണറെ നഷ്ടമായി. 106 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 60 റണ്‍സെടുത്ത വാര്‍ണറെ മടക്കി ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഉസ്മാന്‍ ഖവാജയേയും മടക്കി വോക്‌സ് ഓസീസിനെ ഞെട്ടിച്ചു. 145 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 72 റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം.
തുടര്‍ന്നെത്തിയ മാര്‍നസ് ലബുഷെയ്‌നും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 33 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ലബുഷെയ്‌നെ മാര്‍ക്ക് വുഡ് പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് – ട്രാവിസ് ഹെഡ് സഖ്യം 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് വീണ്ടും ജയം മണത്തു. എന്നാല്‍ ഇടയ്ക്ക് വെച്ച് മഴ പെയ്ത ഇടവേളയ്ക്കു ശേഷം ഇരുവരെയും മടക്കി ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചെത്തി.
70 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി മോയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വോക്‌സ്, സ്മിത്തിനെയും പുറത്താക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. 94 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 54 റണ്‍സെടുത്താണ് സ്മിത്ത് മടങ്ങിയത്.
തുടര്‍ന്ന് മിച്ചല്‍ മാര്‍ഷ് (6), മിച്ചല്‍ സ്റ്റാര്‍ക്ക് (0), പാറ്റ് കമ്മിന്‍സ് (9) എന്നിവരെ വേഗത്തില്‍ മടക്കി ഇംഗ്ലണ്ട് ജയത്തോടടുത്തു. എന്നാല്‍ ടോഡ് മര്‍ഫിയെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി ്‌കോര്‍ മുന്നോട്ടുചലിപ്പിച്ചു. 39 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മര്‍ഫിയെ മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഈ ചെറുത്തുനില്‍പ്പും അവസാനിപ്പിച്ചു. പിന്നാലെ 50 പന്തുകള്‍ നീണ്ട ക്യാരിയുടെ പോരാട്ടം അവസാനിപ്പിച്ച് ബ്രോഡ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. 28 റണ്‍സെടുത്താണ് ക്യാരി പുറത്തായത്.