മുംബൈ: 10 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി പേസര്‍ ജസ്പ്രീത് ബുംറ. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കും. തിങ്കളാഴ്ചയാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ബുംറ ക്യാപ്റ്റനായ ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും ടീമിലില്ല. ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍.
സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ എന്നിവരെല്ലാം ടീമിലുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുടെയും വേദി ഡബ്ലിനാണ്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് മത്സരങ്ങള്‍.
നേരത്തേ 2022 സെപ്റ്റംബറില്‍ പരിക്കിന്റെ പിടിയിലായ ബുംറ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചുവരാനുള്ള പരിശ്രമത്തിലായിരുന്നു. ഇതോടെ 2023 ഏകദിന ലോകകപ്പില്‍ ബുംറ കളിക്കുമെന്ന് ഉറപ്പായി. ബുംറ കൂടി ടീമിലെത്തിയാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകരും. വരുന്ന ഏഷ്യാ കപ്പിലും ബുംറ കളിച്ചേക്കും.
ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുത്ത താരങ്ങള്‍ക്ക് ഒരു അവസരം നല്‍കുക എന്നത് കണക്കിലെടുത്താണ് പരമ്പരയ്ക്കുള്ള ടീമിനെ പുതിയ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ , അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, അവേശ് ഖാന്‍.