വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; ഒപ്പമുണ്ടായിരുന്ന നീലഷർട്ടുകാരനായി അന്വേഷണം

കോഴിക്കോട്: വടകരയില്‍ വ്യാപാരിയായ രാജനെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

സംഭവ ദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തില്‍ ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന്‍ ബൈക്കില്‍ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

വടകര സ്വദേശി രാജനെയാണ് സ്വന്തം കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഏറെ വൈകിയിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കടയിലെ പണവും നഷ്ടമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News