31.1 C
Kottayam
Saturday, May 18, 2024

എൽഡിഎഫ്‌ കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി

Must read

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായി അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നു. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത് മുതല്‍ പ്രധാന പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും ഇ.പിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽതന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളും അദ്ദേഹത്തിന് നേരെ നീളുന്നത്. ഈ ഘട്ടത്തിലാണ് എൽ.ഡി.എഫ്. കൺവീനർ സ്ഥാനം അടക്കമുള്ള പദവികൾ ഒഴിയാൻ താൻ സന്നദ്ധനാണ് എന്ന കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്. പാർട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയിൽ എല്ലാം താൻ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് അടുത്തവൃത്തങ്ങളോട് അദ്ദേഹം വ്യക്തമാക്കുന്നത്.

പദവികളിൽ തുടർന്നു പോകുന്നതിന് തനിക്ക് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാമ്പത്തിക ആരോപണം വരുന്നത്. ഇതോടെ പദവികള്‍ ഒഴിയാനുള്ള സന്നദ്ധത വീണ്ടും ആവർത്തിക്കുകയാണ് അദ്ദേഹം.

പാർട്ടി പരിപാടികളിൽ നിന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം വിട്ടുനിൽക്കുകയാണ്. കണ്ണൂരിലെ പാർട്ടി പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുന്ന സാഹചര്യമാണ് നിലവിലേത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week