പാലക്കാട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്.
കൂട്ടിലാക്കിയ പുലിയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പുലി അക്രമാസക്തയായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷമാണ് ആര്‍.ആര്‍.ടി. സംഘം മയക്കുവെടി വെച്ചത്.
മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ് ആര്‍.ആര്‍.ടി. സംഘം പുലിയുടെ അടുത്തേക്ക് നീങ്ങിയത്. തുടര്‍ന്ന് പുലിയെ വിജയകരമായി കൂട്ടിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ദൗത്യമാണ് ഉച്ചയോടെ പൂര്‍ത്തിയായത്. രണ്ട് വര്‍ഷത്തോളമായി വന്യമൃശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.