കൽപറ്റ: ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും.
ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. അതെ സമയം ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ ഇന്നും തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ.
പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരും. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചിൽ. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ 15 പേർ അടങ്ങുന്ന ഗ്രൂപ്പ് ആയി തെരച്ചിൽ നടത്തും. ചാലിയാറിൻ്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചിൽ നടത്തും. രാവിലെ ഏഴ് മണിക്കാണ് തെരച്ചിൽ തുടങ്ങുക.