ന്യൂഡൽഹി : മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാം ഉപയോഗിക്കുന്നത് തടയാം. അതിനായി സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പദ്ധതി കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ആണ് നടപ്പാക്കുന്നത്. ബുധനാഴ്ച നിലവിൽവരും.
ഡൽഹി, മഹാരാഷ്ട്ര, കർണാടക, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ ചില പ്രദേശങ്ങളിൽ ഇത് നേരത്തേ പരീക്ഷിച്ചിരുന്നു. 15 അക്ക ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് പ്രവർത്തനം. നഷ്ടപ്പെട്ട മൊബൈൽഫോണുകൾ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കുമെന്ന് സി-ഡോട്ട് പ്രോജക്ട് ബോർഡ് സി.ഇ.ഒ. രാജ്കുമാർ ഉപാധ്യായ പറഞ്ഞു.
ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളുടെ ഉപയോഗം അറിയുന്നതിനായി എല്ലാ ടെലികോം ശൃംഖലകളിലും വേണ്ട ഫീച്ചറുകളും സംവിധാനത്തിൽ ചേർത്തിട്ടുണ്ട്. രാജ്യത്ത് ഫോണുകൾ വിൽക്കുന്നതിന് മുമ്പായി അവയെ തിരിച്ചറിയാനുള്ള IMEI നമ്പറുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഇങ്ങവെ വരുമ്പോൾ മൊബൈൽ നെറ്റ്വർക്കുകൾ വഴി രജിസ്റ്റർ ചെയ്യാത്ത നമ്പറുകളുടെ സാന്നിധ്യം സിഇഐർ സംവിധാനം വഴി മനസ്സിലാക്കാനാകും.
സാധാരണയായി മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ IMEI നമ്പറുകളിൽ മോഷ്ടാക്കൾ മാറ്റം വരുത്താറുണ്ട്. അപ്പോൾ ഡിവൈസ് ട്രാക്ക് ചെയ്യാൻ പ്രയാസമാണ്. വിവിധ ഡേറ്റാബേസുകളുടെ സഹായത്തോടെ ക്ലോൺ ചെയ്ത് മൊബൈലുകൾ സിഇഐറിന് ബ്ലോക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.