തിരുവനന്തപുരം: മുന്‍ എം.പി എ സമ്പത്തിനെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ശിശുക്ഷേമ സമിതി അധ്യക്ഷനും മുന്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആര്‍. ജയദേവന്‍, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആര്‍ ഹീബ, വി.ശിവന്‍കുട്ടി, ചെറ്റച്ചല്‍ സഹദേവന്‍, ജി. രാജന്‍, പുല്ലുവിള സ്റ്റാന്‍ലി, തിരുവല്ലം ശിവരാജന്‍, പട്ടം വാമദേവന്‍ നായര്‍ എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എ. സമ്പത്ത് നേരത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സംഘടനാ രംഗത്ത് നിര്‍ജീവമാണ് എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്.
അതേസമയം വി.ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രന്‍ നായര്‍ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. അതേസമയം ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം വൈകിട്ടോടെ സമ്മേളനം സമാപിക്കും. പുതിയ കമ്മറ്റിയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ഇടം പിടിച്ചില്ല.