മുംബൈ : തന്നെ പുറത്താക്കാന്‍ ശ്രമം , തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓസ്‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍. ബോളിവുഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഒരു സംഘം വ്യാജ പ്രചരണം നടത്തുന്നതായാണ് കീ ബോര്‍ഡ് മാന്ത്രികനും തമിള്‍, ഹിന്ദി സംഗീത സംവിധായകനുമായ എ.ആര്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. . ഇതിനാല്‍ നല്ല സിനിമകള്‍ തന്നെ തേടിവരുന്നില്ലെന്നും റഹ്മാന്‍ പറഞ്ഞു. ഒരു എഫ് എം റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴിനെ അപേക്ഷിച്ച് ഏന്ത് കൊണ്ടാണ് ഹിന്ദിയില്‍ കുറച്ചു സിനിമകള്‍ മാത്രം ചെയുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഒരു സംഘം ആളുകള്‍ തെറ്റിദ്ധാരണ മൂലം എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നു.ദില്‍ ബേചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. അദ്ദേഹം എന്നോടു കുറേ കഥകള്‍ പറഞ്ഞു. റഹ്മാനു പിന്നാലെ പോകേണ്ടെന്ന് പലരും അദ്ദേഹത്തോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തതെന്ന്.’ റഹ്മാന്‍ പറഞ്ഞു.
‘എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ജനങ്ങള്‍ എന്നില്‍ നിന്നും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നു. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കും’ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.