31.1 C
Kottayam
Friday, May 17, 2024

സമ്പര്‍ക്ക രോഗവ്യാപനം : സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍

Must read

തിരുവനന്തപുരം : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണവും പൂര്‍ണമായി അടച്ചു. ഇതില്‍ 31 തദ്ദേശ സ്ഥാപനങ്ങളും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെടുന്നു. കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ നഗരസഭ എന്നിവ ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 7 ഡിപ്പോയും 2 ഓപ്പറേറ്റിങ് സെന്ററുമുള്ള കെഎസ്ആര്‍ടിസി മൂന്നെണ്ണമൊഴികെ എല്ലാം അടച്ചു.

കാസര്‍കോട് ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിനു കേസെടുത്തു. വിവാഹ വീട് കേന്ദ്രീകരിച്ചു പുതിയ ക്ലസ്റ്റര്‍ പ്രഖ്യാപിച്ചു. മംഗല്‍പാടി പഞ്ചായത്തിലും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കു രോഗം കണ്ടെത്തി. ഈ ചടങ്ങുകളില്‍ പങ്കെടുത്തവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതവും കൂടിച്ചേരലും അനാവശ്യ യാത്രകളും നിരോധിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 5 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേശ്വരം താലൂക്ക് ആശുപത്രി അടച്ചു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളും അടച്ചു. ജില്ലയില്‍ മത്സ്യബന്ധനവും വില്‍പനയും 31 വരെ വിലക്കി.

തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട നഗരസഭയും മുരിയാട് പഞ്ചായത്തും ട്രിപ്പിള്‍ ലോക്ഡൗണില്‍. ചാലക്കുടി ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണ്‍. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ 21 പൊലീസുകാര്‍ ക്വാറന്റീനില്‍. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 20 ഡോക്ടര്‍മാരടക്കം 60 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍.

മലപ്പുറം ജില്ലയില്‍ പൊന്നാനി, നിലമ്പൂര്‍, കൊണ്ടോട്ടി നഗരസഭകളും 2 പഞ്ചായത്തുകളില്‍ 5 വീതം വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്നു. കൊണ്ടോട്ടിയില്‍ എംഎല്‍എയും നഗരസഭാധ്യക്ഷയും സെക്രട്ടറിയും 35 കൗണ്‍സിലര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിനു നേതൃത്വം നല്‍കിയിരുന്ന 70 പേര്‍ ക്വാറന്റീനില്‍.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഭാഗം, എംആര്‍ഐ, സിടി സ്‌കാന്‍ എന്നിവ താല്‍ക്കാലികമായി അടച്ചു. കൂത്തുപറമ്പ്, പാനൂര്‍ നഗരസഭകളിലും മാങ്ങാട്ടിടം, പാട്യം, കോട്ടയം പഞ്ചായത്തുകളിലും ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍.

ഇടുക്കിയില്‍, കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും വാത്തിക്കുടി പഞ്ചായത്തിലെയും 2 വീതം വാര്‍ഡുകളും കാമാക്ഷി പഞ്ചായത്തിലെ 3 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week