ഇടുക്കി:കടയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപണം ഉയർന്ന പൊലീകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ പൊലീസുകാരൻ സാഗർ പി മധുവിനാണ് സസ്പെൻഷൻ. പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി.കടയുടമ പരാതി നല്കാത്തതിനാൽ കേസ് എടുത്തിട്ടില്ല. പൊലീസ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗർ.
അതേസമയം ബലാൽസംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖയുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനും സസ്പെൻഷൻ. മലയിൻകീഴ് മുൻ ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സസ്പെൻറ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കാൻ സഹായിച്ച സ്റ്റേഷനിലെ റൈറ്റർ പ്രദീപിനെയും ആഭ്യന്തര സെക്രട്ടറി സസ്പെൻറ് ചെയ്തു.
എ.വി.സൈജുവിനെതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.
സ്റ്റേഷൻ ഇൻസ്പെക്ടറെ സ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റേഷൻ രേഖകളിൽ റൈറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ഈ രേഖകള്‍ ഹൈക്കോടതി സമർപ്പിച്ച് സൈജു മുൻകൂർ ജാമ്യവും നേടി. രേഖകളിൽ സംശയം തോന്നിയ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞത്. ഈ കേസിൽ ജാമ്യം തേടിയെ സൈജുവിനെതിരെ ഇന്നലെ മറ്റൊരു ബലാൽസംഗം കേസ് കൂടി നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.