ഇംഫാല്‍: മണിപ്പുരില്‍ നിന്ന് ജൂലായ് ആറിന് കാണാതായ മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കുട്ടികളെ കുക്കി വിഭാഗത്തില്‍പ്പെട്ട സായുധരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയതാകാം എന്നാണ് ഓഗസ്റ്റില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ കുട്ടികളുടെ ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ളത്.
17-ഉം 20-ഉം വയസുള്ള കുട്ടികള്‍ വനത്തിനുള്ളിലെ അക്രമികളുടെ താവളത്തില്‍ ഇരിക്കുന്നതിന്റെ ഫോട്ടോയാണ് പ്രചരിച്ചതില്‍ ഒന്ന്. തോക്കുധാരികള്‍ പിന്നില്‍ നില്‍ക്കുന്നതും ഫോട്ടോയില്‍ വ്യക്തമാണ്. കുട്ടികളുടെ മൃതദേഹങ്ങളുടെ ഫോട്ടോയാണ് രണ്ടാമത്തേത്.
ഫോട്ടോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ കര്‍ശന നടപടി ഉടന്‍തന്നെ സ്വീകരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 ജൂലായ് മുതല്‍ കാണാതായ കുട്ടികളുടെ ഫോട്ടോകളാണ് പ്രചരിക്കുന്നത്. കുട്ടികളെ കാണാതായ കേസ് നേരത്തെതന്നെ സിബിഐക്ക് കൈമാറിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാകുന്ന ഫോട്ടോ പ്രചരിച്ചതോടെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മണിപ്പുരില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്ന് വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്.