ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ വിശദമാക്കിയത്. നേരത്തെ സാംപിൾ വൈകി ശേഖരിച്ചു പരിശോധിച്ചതിനാൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ പാലിലെ മായം പരിശോധിക്കുന്നതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദമാക്കിയിരുന്നു. ക്ഷീര വികസന വകുപ്പിൻ്റെ അദ്യ പരിശോധന നടന്നത് താത്കാലിക ലാബിലാണ്. ഈ പരിശോധനയിലെ ഫലം അല്ല എൻഎബിഇൽ അക്രഡീറ്റേഷൻ ഉള്ള ലാബിൽ പരിശോധിച്ചപ്പോൾ കിട്ടിയത്.