മലയാളി ദമ്പതിമാർ പഴനിയില്‍ മരിച്ചനിലയിൽ

പാലക്കാട്: തമിഴ്‌നാട്ടിലെ പഴനിയില്‍ മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരെയാണ് പഴനിയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം.

കഴിഞ്ഞദിവസം രാവിലെയാണ് ദമ്പതിമാര്‍ ആലത്തൂരില്‍നിന്ന് പഴനിയിലേക്ക് പോയത്. വൈകിട്ടോടെ പഴനിയിലെത്തിയ ഇവര്‍ തങ്ങളുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും അയച്ചുനല്‍കി. പിന്നാലെ രാത്രി വൈകി തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് മക്കള്‍ക്കും വാട്‌സാപ്പ് സന്ദേശം അയച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് പഴനിയിലെ ലോഡ്ജ് മുറിയില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആലത്തൂരില്‍ വീടിനോട് ചേര്‍ന്ന് കട നടത്തുന്നയാളാണ് സുകുമാരന്‍. കട നടത്തിപ്പുമായി ബന്ധപ്പെട്ട് സുകുമാരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നും കരുതുന്നു. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ പഴനിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News